2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച



എന്റെ കടലൂര്‍... എത്ര സുന്ദരം !

ര്‍ത്തലക്കുന്ന തിരമാലകള്‍ ഒരുനാള്‍ കഥപറയാനിരിക്കുകയാണെങ്കില്‍ എന്തൊക്കെ കഥകള്‍ പറഞ്ഞുതീര്‍ക്കാനുണ്ടാവും. കടലിന്റെ പിറന്നാളിന്റെ ഒന്നാം തിയ്യതിമുതല്‍ ഒരു നിമിഷം അടങ്ങാതെ ഇരമ്പുന്ന അറബിക്കടലും അതിനകത്ത്‌ ഒരു അരിമ്പാറപോലെ പറ്റിപ്പിടിച്ച്‌ കിടക്കുന്ന വെള്ളിയാങ്കല്ലും ഇതിനു രണ്ടിനും കാവലായി കഴിഞ്ഞ നൂറ്‌ വര്‍ഷം മിന്നും വെളിച്ചവുമായി ഒന്നുറങ്ങാതെ കാത്തിരിക്കുന്ന ലൈറ്റ്‌ ഹൗസും. ഞങ്ങളുടെ ഹൃദയ ഭൂമിയായ കടലൂരിനെ തഴുകിപ്പോവുന്ന അറബിക്കടലിന്റെ കഥപറിച്ചില്‍ ഒരു കടങ്കഥപോലെ തന്നെ കാലാതീതമായി നീണ്ടു നില്‍ക്കുമെന്ന്‌ ഉറപ്പാണ്‌. അത്രയേറെ കഥകളുണ്ടാവും കടലൂര്‍ എന്ന കടലിന്റെ വരദാനത്തിന്‌ വിളിച്ചു പറയാന്‍.
കോഴിക്കോട്‌ നിന്നും 35 കിലോ മീറ്റര്‍ അകലെ കണ്ണൂര്‍ ദേശീയ പാതയില്‍ തിക്കോടിക്കും കൊയിലാണ്ടിക്കുമിടയിലെ നന്തിയെന്ന പ്രദേശം. ദേശീയപാതയും റെയിലും ഉമ്മവെച്ച്‌ സലാം ചൊല്ലിപിരിയുന്നഇടമെന്ന പേരില്‍ നേരത്തെ തന്നെ സുപരിചിതമായ നന്തിഗേറ്റ്‌. പേര്‌ നന്തിയെന്നാണെങ്കിലും `നന്ദിയില്ലാതെ' എന്ന്‌ അടുത്തിടകാലം വരെ തീവണ്ടിയെകാത്ത്‌ ദേശീയ പാതയിലെ ഗെയിറ്റില്‍ കുടുങ്ങികിടന്നവര്‍ ശപിച്ചിരുന്ന നാട്‌. എന്നാല്‍ ഇന്ന്‌ കഥമാറി. നന്തിയിലെത്തിയാല്‍ പിന്നെ ആളുകള്‍ നിലംതൊടാതെയായി. മേല്‍പാലവും ദേശീയപാതയും നടുനിവര്‍ന്നതോടെ എല്ലാരും പറപറക്കാനും തുടങ്ങി. (റോഡിലെ കുഴി മറക്കുന്നില്ല. കാരണം കുഴിയില്‍ ചാടുന്നവനും നിലംതൊടാതെ അപ്പുറം കടക്കുന്നു). നന്തിയില്‍ നിന്നും പടിഞ്ഞാറ്‌ മാറിയാല്‍ നയന സുന്ദരമായ കടലൂര്‍ ഗ്രാമമായി.


ദൈവത്തിന്റെ സ്വന്തം നാട്‌
കടലൂര്‍... മലയാളത്തില്‍ ഇത്രമനോഹരമായ പേര്‌ മറ്റേതുണ്ട്‌. പണ്ട്‌ ഞങ്ങളുടെ നാട്‌ സന്ദര്‍ശനത്തിനെത്തിയ തമിഴ്‌നാട്ടുകാര്‍ ഈ പേര്‌ മോഷ്‌ടിച്ചതായി ഒരു കഥയുണ്ട്‌. ഏതോ ഒരു തമിഴ്‌നാട്ടുകാരന്‍ മുഖ്യമന്ത്രിയാണത്രെ ഇപ്പണി ചെയ്‌തത്‌. അദ്ദേഹം കടലൂര്‍ എന്ന പേരെടുത്ത്‌ തമഴ്‌നാട്ടിലെ ഒരു ജില്ലക്കു തന്നെ ഈ വിളിപ്പേര്‌ നല്‌കി. കടലൂര്‍... സംഗതി മോശമായിപ്പോയെങ്കില്‍ അങ്ങിനെ ഞങ്ങളുടെ കടലൂര്‍ ദേശീയ പ്രശസ്‌തിനേടി. രണ്ട്‌ കടലൂരിനും രക്തബന്ധമുള്ളത്‌ കൊണ്ടാവാം 2006ല്‍ സൂനാമി തിരമാലകള്‍ തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയെ നക്കിത്തുടച്ച്‌ ആയിരത്തിലേറെ പേരെ മരണത്തിലേക്കെടുത്തപ്പോള്‍ ഞങ്ങളുടെ കടലൂരിലും ചെറിയ അലയൊലികള്‍ ഉണ്ടായി. അന്ന്‌ ഇവിടെ ആഞ്ഞടിച്ച സൂനാമിയില്‍ എട്ട്‌ പത്ത്‌ തോണികളും മറ്റും തകര്‍ന്നിരുന്നു.
ലൈറ്റ്‌ ഹൗസിനു മുകളില്‍ നിന്ന്‌ നോക്കിയാല്‍... അല്ലെങ്കില്‍ ഇന്ത്യയുടെ ഭൂപടം നോക്കിയാല്‍ വ്യക്തമാവും കടലൂരിന്റെ കനിഞ്ഞരുളിയ ഭംഗി. കടലിനെ അഭിവാദ്യം ചെയ്‌ത്‌, കര വെള്ളത്തിലേക്കിറങ്ങിയും കടല്‍ കരയോട്‌ പ്രത്യഭിവാദ്യം ചെയ്‌ത്‌ അല്‍പം ഒതുങ്ങിയും.
ഞങ്ങളുടെ പൂര്‍വികര്‍ അന്ത്യവിശ്രമം കൊള്ളുന്നതും ഇങ്ങനെയൊരു വിശാലതയിലാണ്‌. കടലൂര്‍ ജുമാഅത്ത്‌ പള്ളി ഖബര്‍സ്ഥാന്‍.... കടലിന്റെ ആഴമളന്ന്‌ ഉള്‍കടലിലേക്ക്‌ അല്‍പം ഉന്തിയാണ്‌ ഖബര്‍സ്ഥാന്റെ കിടപ്പ്‌. ജീവിച്ച്‌ കടന്നു പോയാലും കടലൂരിന്റെ കടലറിഞ്ഞ ഇളം കാറ്റും ഗന്ധവും ആത്മാവിനൊപ്പമുണ്ടാവും.


അല്‍പം പിന്‍നടത്തം
പിന്നോട്ടൊരടിവെക്കുമ്പോഴും മുന്നോട്ട്‌ എട്ടടി വെക്കുമ്പോഴും കടലൂരിന്‌ പറയാന്‍ ഏറെ കഥകളുണ്ട്‌.
പണ്ട്‌... വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌. വാസ്‌ഗോഡഗാമയെന്ന നാവികന്‍ അധിനിവേശത്തിന്‌ തുടക്കമിട്ട്‌ കാപ്പാട്‌ ബീച്ചില്‍ കപ്പലിറങ്ങിയ പതിനഞ്ചാം നൂറ്റാണ്ട്‌. അന്നേ ചരിത്രത്തിനൊപ്പം നിശബ്‌ദനായി സാക്ഷ്യം വഹിച്ച കഥകള്‍ കടലൂരിന്‌ പറയാനുണ്ട്‌. അധിനിവേശത്തിന്റെ ആദ്യ ഇരയെന്ന്‌ പറയപ്പെടുന്ന ആയിശയെന്ന യുവതിയെ പോര്‍ച്ചുഗീസ്‌ പടയാളികള്‍ തട്ടിക്കൊണ്ട്‌ പോയി വെള്ളിയാങ്കല്ലില്‍ വെച്ച്‌ പീഢിപ്പിച്ച്‌ കൊലപ്പെടുത്തിയെന്ന്‌ ചിലയിടങ്ങളില്‍ പറഞ്ഞും എഴുതിയും കേള്‍ക്കപ്പെട്ട ചരിത്രം. ഏഷ്യന്‍ വന്‍കരയിലേക്ക്‌ കാലെടുത്ത്‌ വെച്ച ആദ്യ സായിപ്പാണ്‌ ഗാമയെങ്കില്‍ ഏഷ്യയിലെ ആദ്യ അധിനിവേശകൊലപാതകം ആയിഷയെന്ന പെണ്‍കുട്ടിയുടേതുമാവും. ആര്‍ത്തിരമ്പുന്ന തിരമാലകള്‍ക്കു നടുവില്‍ എന്തിനോടൊക്കെയോ കലഹിക്കുന്നവനെ പോലെ ചുരുണ്ടുകൂടികിടക്കുന്ന വെള്ളിയാംങ്കല്ലിലെ കറുത്ത പാറക്കൂട്ടങ്ങള്‍ക്ക്‌ ഇപ്പോഴും മനസ്സില്‍ ഈപ്രതിഷേധമാവം കടലിന്റെ നീലിമയിലും കാറ്റിന്റെ തണുപ്പിലും അണയാതെ പുകയുന്നത്‌.
സാക്രിഫൈസ്‌ റോക്ക്‌ (പരിത്യാഗത്തിന്റെ പാറ) എന്നാണ്‌ ലോകഭൂപടത്തില്‍ വെള്ളിയാങ്കല്ലിനെ രേഖപ്പെടുത്തിയത്‌. സാമൂതിരി രാജാവിന്റെ വിശ്വസ്‌തനായ പടയാളി കുഞ്ഞാലിമരക്കാറുടെ പോരാട്ട വീര്യങ്ങളുടെ കഥപറയാനുള്ള വെള്ളിയാങ്കല്ലിന്‌ രക്തത്തിന്റെ ഒട്ടേറെ കഥകള്‍ വേറെയുമുണ്ട്‌. നന്തിയില്‍ ലൈറ്റ്‌ഹൗസ്‌ ഉയരാന്‍ കാരണം തന്നെ ഈ പാറക്കൂട്ടമാണെന്നാണ്‌ പറയുന്നത്‌. ഇന്ത്യയെ ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും സമ്പത്തിന്റെ കലവറയാക്കിമാറ്റിയപ്പോള്‍ ഇവിടെ നിന്നും കടത്തുന്ന ചരക്കുകളുമായി നീങ്ങുന്ന കപ്പലുകള്‍ നിരവധിയാണ്‌ വെള്ളിയാങ്കല്ലില്‍ തട്ടിത്തകര്‍ന്നത്‌. അങ്ങിനെ തകര്‍ന്ന കപ്പലുകളുടെ നങ്കൂരങ്ങള്‍ ഇന്നും ഈ മേഖലയില്‍ കടലിനടിയിലുണ്ടെന്ന്‌ പറയപ്പെടുന്നു. ഏറ്റവും ഒടുവില്‍ 1908ലാണ്‌ ഇവിടെ കപ്പല്‍ തകര്‍ന്നതെന്നാണ്‌ പറയുന്നത്‌. അതിനു ശേഷമാണ്‌ 1909ല്‍ കടലൂര്‍ പോയിന്റ്‌ ലൈറ്റ്‌ഹൗസ്‌ ഇവിടെ ഉയരുന്നത്‌. ഞങ്ങളുടെ മലപ്പുറം (ലൈറ്റ്‌ ഹൗസ്‌ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്‌ മലപ്പുറം എന്നാണ്‌ പേര്‌. അല്ലാതെ മലപ്പുറം ജില്ലയല്ല) നൂറ്‌ വയസ്സ്‌പിന്നിട്ട ലൈറ്റ്‌ ഹൗസിന്റെ ശതാബ്‌ദം ആഘോഷമാക്കിയിരുന്നു. ഇന്ന്‌ സഞ്ചാരികളുടെ കേന്ദ്രമായും ലൈറ്റ്‌ ഹൗസ്‌ മാറികഴിഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ലൈറ്റ്‌ഹൗസായ ഇവിടെ നിന്നും നോക്കിയാല്‍ തെളിഞ്ഞ അന്തരീക്ഷത്തില്‍ വെള്ളിയാങ്കല്ലും, ചുറ്റപ്പെട്ട കടലും തെങ്ങുകള്‍കൊണ്ട്‌ നിറഞ്ഞ സമീപപ്രദേശങ്ങളും അതിമനോഹരമായ ദൃശ്യം തന്നെയാണ്‌.



ഞങ്ങള്‍ ലോകപൗരന്‍മാര്‍

കടലൂരിന്റെ വിശേഷങ്ങള്‍ ഒട്ടേറെയുണ്ട്‌. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങിനെ ചായയുമായി വരവേറ്റ മലയാളിയെ പോലെ ഒന്നു ഗള്‍ഫ്‌ രാജ്യങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാല്‍ എവിടെയുമുണ്ടാവും ഒരു കടലൂരു(നന്തി)കാരന്‍. ഈ അറബിക്കടലിനും റെയില്‍പാതക്കുമിടയിലെ ഏത്‌ സ്‌പന്ദനത്തിനും കാതോര്‍ത്ത്‌ ഈ നാടിനായി, കുടുംബത്തിനായി, ഉറ്റവര്‍ക്കായി പണിയെടുത്ത്‌ അവരുണ്ടാവും. കുവൈത്ത്‌, ഒമാന്‍, സഊദി, ദുബായ്‌, ഖത്തര്‍, ബഹ്‌റൈന്‍, തുടങ്ങി എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളിലും കടലൂരിന്റെ നിറസാന്നിധ്യമുണ്ട്‌. പിറന്ന മണ്ണിനെ പോറ്റിവളര്‍ത്താനായി മണലാരണ്യത്തില്‍ പണിയെടുക്കുന്നവരാണ്‌ ഞങ്ങള്‍, ഞങ്ങളുടെ സഹോദരന്‍മാര്‍, പിതാക്കന്‍മാര്‍....
ഈ എഴുത്ത്‌ വായിക്കുന്ന ചിലര്‍ക്ക്‌ സംശയമുണ്ടാവും നന്തിയില്‍ നിന്നാരും അമേരിക്കയിലും ബ്രിട്ടനിലുമൊന്നുമില്ലേ എന്ന്‌.
അതെ... ഞങ്ങളാരും യാങ്കികള്‍ക്ക്‌ വിടുവേല ചെയ്യുന്നവരല്ല. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോഴും യാസിര്‍ അറഫാത്ത്‌ മരണപ്പെട്ടപ്പോഴും ഇസ്രാഈല്‍ ഫലസ്‌തീന്‍ ആക്രമിച്ചപ്പോഴും എന്തിനേറെ ഒന്നാം ഗള്‍ഫ്‌ യുദ്ധസമയത്തും ഞങ്ങളുടെ നാട്ടുകാര്‍ കൊടിയുടെ നിറം മറന്ന്‌ പ്രതിഷേധവുമായി മുഷ്‌ടിചുരുട്ടി ആകാശത്തിനിട്ടിടിച്ചവരാണ്‌. അതിനാല്‍ അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഫ്രാന്‍സിലേക്കുമൊന്നും ഞങ്ങള്‍ പോവില്ല. അവര്‍ ഞങ്ങളുടെ നാട്‌ കാണാന്‍ വന്നാലും.

(കടലൂരുകാരായ പ്രിയ വായനക്കാരേ... എന്റെ ഓര്‍മയിലെ/അറിവിലെ കാര്യങ്ങള്‍ മാത്രമാണ്‌ ഇവിടെ കുറിച്ചത്‌. വിട്ടുപോയവ, പുതിയ നിര്‍ദേശങ്ങള്‍ എന്നിവ കമന്റുകളായി നിങ്ങള്‍ക്ക്‌ ചേര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം)