2010, സെപ്റ്റംബർ 26, ഞായറാഴ്‌ച














ആരുടെ കോമണ്‍വെല്‍ത്ത്‌....

ഇന്ത്യയെ ഇരുനൂറ്‌ വര്‍ഷം കൊള്ളയടിച്ച്‌ ചണ്ടിയാക്കിയാണ്‌ സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്‍മാര്‍ 1947ല്‍ രാജ്യം വിട്ടത്‌. എക്കാലത്തും അടിമയെ തിരിച്ചറിയാനായി ചാപ്പകുത്തുന്ന ഉടമയുടെ മനശാസ്‌ത്രമെന്ന പോലെ തങ്ങള്‍ വെട്ടിപ്പിടിച്ച രാജ്യങ്ങള്‍ക്കുമേല്‍ കെട്ടിവെച്ച ചാപ്പകുത്തലായ കോമണ്‍വെല്‍ത്ത്‌ ഫെഡറേഷന്‌ പറയാനുള്ളതും പഴയ കോളനി വത്‌കരണത്തിന്റെയും കൊള്ളയടിയുടെയും കഥയാണ്‌. അതിനാല്‍ ഇന്ത്യ ആതിഥ്യം വഹിക്കുന്ന പത്തൊന്‍പതാം കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയില്‍ മുങ്ങികുളിച്ചതില്‍ പ്രത്യേകിച്ച്‌ അത്ഭുതമൊന്നും കാണാനാവില്ല. വിത്തു ഗുണം പത്തു ഗുണം...
എങ്കിലും കായിക രംഗത്തെ രാഷ്‌ട്രീയ ഇടപെടല്‍ ഒരിക്കല്‍ കൂടി ഇന്ത്യയെ നാണക്കേടിലാക്കി. ഏതാനും മാസം മുമ്പ്‌ ക്രിക്കറ്റിലൂടെയാണ്‌ ഇന്ത്യയിലെ രാഷ്‌ട്രീയക്കാര്‍ രാജ്യത്തെ നാറ്റിച്ചതെങ്കില്‍ ഇന്നത്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിലൂടെയെന്നുമാത്രം. എന്തൊക്കെയായിരുന്നു വീമ്പു പറച്ചില്‍. 2008ലെ ബീജിംഗ്‌ ഒളിംപിക്‌സിലൂടെ ലോകത്തെ ഞെട്ടിച്ച ചൈനയെയും ഞൊടിയിട സമയം കൊണ്ട്‌ യൂത്ത്‌ ഒളിംപിക്‌സിനെ ചരിത്ര സംഭവമാക്കി മാറ്റിയ സിംഗപ്പൂരിനെയും ആഫ്രിക്കന്‍ ഭൂഖണ്‌ഡത്തില്‍ ലോകകപ്പ്‌ ഫുട്‌ബാളിന്‌ അതിമനോഹരമായി ആതിഥേയത്വം ഒരുക്കിയ ദക്ഷിണാഫ്രിക്കയെയും മൂക്കത്ത്‌ വിരല്‍വെപ്പിക്കുമെന്ന്‌ വീമ്പടിച്ചാണ്‌ കല്‍മാഡി കഴിഞ്ഞ ആഗസ്‌ത്‌ ആദ്യം വരെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്‌. ഇന്ന്‌ കാര്യങ്ങളെല്ലാം ശരിയായി തന്നെ പൂര്‍ത്തിയായിരിക്കുന്നു. ലോകത്തെ `ഞെട്ടിച്ച്‌', ഇന്നുവരെ കണ്ടതില്‍ വെച്ചേറ്റവും `മനോഹരമായ' ഒരു ലോക കായികമേളക്ക്‌ ഇന്ത്യ ആതിഥ്യം ഒരുങ്ങുകയായി. തകര്‍ന്നു വീണ നടപ്പാലവും മേല്‍ക്കൂരയും പട്ടിയും പൂച്ചയും വിഹരിക്കുന്ന കായികതാരങ്ങളുടെ വാസസ്ഥലം, വെള്ളപ്പൊക്കം തൊട്ടുമുന്നിലിരുന്ന്‌ കാണാനുള്ള അപൂര്‍വ അവസരം ഇന്ത്യ ആതിഥ്യം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ മാത്രമേ ലഭിക്കുകയുള്ളൂ.
ഒരു സുപ്രഭാതത്തിലായിരുന്നില്ല ഇന്ത്യയെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ വേദിയായി പ്രഖ്യാപിച്ചത്‌. നീണ്ടു നിന്ന വേദിതെരഞ്ഞെടുപ്പ്‌ പ്രക്രിയക്കൊടുവില്‍ കാനഡയിലെ ഹാമില്‍ട്ടന്‍ നഗരത്തെ വന്‍മാര്‍ജിനില്‍ പിന്തള്ളിക്കൊണ്ടാണ്‌ ദല്‍ഹി പത്തൊന്‍പതാം കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ വേദിയായി തെരഞ്ഞെടുക്കപ്പെടുന്നത്‌. 2003ല്‍ ജമൈക്കയിലായിരുന്നു പ്രഖ്യാപനം. വേദി സ്വന്തമാക്കിയതു സംബന്ധിച്ചും വിവാദമാണിപ്പോള്‍. കോമണ്‍വെല്‍ത്തിലെ അംഗരാജ്യങ്ങളായ 72 അസോസിയേഷനുകള്‍ക്ക്‌ ഒരു ലക്ഷം ഡോളര്‍ വീതം കൈക്കൂലി നല്‌കിയാണ്‌ ഇന്ത്യ വേദി സ്വന്തമാക്കിയതെന്നാണ്‌ ഒടുവിലത്തെ ആരോപണം. ഇന്ത്യക്ക്‌ ഒരുങ്ങാന്‍ ഏഴ്‌ വര്‍ഷം ലഭിച്ചെങ്കിലും ഉറക്കമുണര്‍ന്നത്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ മാത്രം. ഇന്ന്‌ പരാതികളും വിമര്‍ശനങ്ങളും മാത്രമാണ്‌ ബാക്കിയാവുന്നത്‌.
അഴിമതിയില്‍ മുങ്ങിയ സംഘാടകര്‍ക്ക്‌ ഒരുകാര്യവും സമയബന്ധിതമായി പൂര്‍ത്തിയാക്കാനായില്ല, ലണ്ടനില്‍ ആരംഭിച്ച ക്യൂന്‍സ്‌ ബാറ്റണ്‍ റിലെയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ തുടങ്ങി കോടികളുടെ അഴിമതി. മാധ്യമങ്ങളുടെ വിചാരണയും ലോകത്തിനു മുന്നിലെ നാറ്റക്കേസുമായതോടെ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണ്‌ കല്‍മാഡിക്കും കൂട്ടാളികള്‍ക്കും താല്‌കാലികമായെങ്കിലും ആശ്വാസമായത്‌. കല്‍മാഡിയുടെ മൂന്ന്‌ വിശ്വസ്‌തരെ പുറത്താക്കുകയും ഗെയിംസിന്റെ മേല്‍നോട്ടം മന്ത്രിസഭാ സമിതിയെ ഏല്‍പിക്കുകയും ചെയ്‌തത്‌ അല്‌പമെങ്കിലും മുഖം രക്ഷിച്ചു. എന്നിട്ടും കല്‍മാഡിവാഴ്‌ച അവസാനിച്ചില്ല. പൊതുഖജനാവ്‌ കൈയിട്ടുവാരല്‍ മാത്രം ഭംഗിയായി പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ കായിക ലോകത്തിന്‌ അഭിമാനമാവേണ്ട കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നാള്‍ക്കുനാള്‍ നാണക്കേടിന്റെ പരകോടിയിലേക്ക്‌ പോകുന്നു.
ഏറ്റവും ഒടുവില്‍ പ്രധാനവേദിയായ ജവാഹര്‍ലാല്‍ നെഹ്‌റുസ്‌റ്റേഡിയത്തിനു തൊട്ടടുത്തുള്ള മേല്‍പ്പാലം തകര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ നീക്കുംമുന്‍പ്‌ ഭാരോദ്വഹന വേദിക്കുമുകളിലെ മേല്‍ത്തട്ടും തകര്‍ന്നു വീണു. പത്തുമാസത്തിനിടെ നിരവധി തവണയാണ്‌ ഇങ്ങനെ നിര്‍മാണത്തിലിരിക്കുന്ന പാലങ്ങളും മറ്റ്‌ കെട്ടിടങ്ങളും നിലംപൊത്തിയത്‌. കായികതാരങ്ങളും ഒഫിഷ്യല്‍സും എത്തിത്തുടങ്ങിയിട്ടുപോലും ഇവരുടെ കണ്ണ്‌ തുറന്നില്ല. വിദേശപ്രതിനിധികളുടെ കണ്‍മുന്നിലാണ്‌ പാലവും സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയും തകര്‍ന്ന്‌ വീണത്‌. ഇതോടെ പല ടീമുകളും ഗെയിംസില്‍ നിന്ന്‌ പിന്‍മാറാനുളള ഒരുക്കത്തിലാണ്‌. സ്വന്തം മുന്നില്‍ നിന്ന്‌ വേദികള്‍ തകര്‍ന്നു വീഴുമ്പോള്‍ മത്സരിക്കാനും പങ്കെടുക്കാനും കൊതിക്കുന്ന ഒരു ലോകതാരവും ഉണ്ടാവില്ല.

ലോകത്തിനും നാണക്കേട്‌
ഇന്ത്യയെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘടിപ്പിക്കാന്‍ ഏല്‍പിച്ചതിന്‌ സ്വയം പഴിക്കുകയാണ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷനിപ്പോള്‍. മൈക്കല്‍ ഫെന്നലിന്റെയും ഹൂപ്പറിന്റെയും പ്രസ്‌താവനകള്‍ നല്‍കുന്ന സൂചനകള്‍ ഇതാണ്‌. കോമണ്‍വെല്‍ത്ത്‌ഫെഡറേഷനെ അടിക്കാന്‍ അവസരം കിട്ടിയ പോലെയാണ്‌ ഒളിംപിക്‌ കൗണ്‍സിലിനിത്‌. തങ്ങളേക്കാള്‍ കേമരെന്ന്‌ നടിക്കാന്‍ കോമണ്‍വെല്‍ത്ത്‌ ഫെഡറേഷന്‌ ആവില്ലെന്നാണ്‌ ഒളിംപിക്‌ കൗണ്‍സില്‍ അംഗങ്ങളുടെ ഇപ്പോഴത്തെ നിലപാട്‌. ഇതിന്റെ സൂചനയായിരുന്നു ജോണ്‍ കോട്‌സിന്റെ വിമര്‍ശനം.
ഇന്ത്യയെ ഗെയിംസിന്‌ ആതിഥ്യം വഹിക്കാന്‍ തെരഞ്ഞെടുത്തത്‌ തന്നെ കായിക ലോകത്തിന്‌ അപമാനമായി മാറിയിരിക്കുകയാണ്‌. അഴിമതിയും വെട്ടിപ്പും തരംതാണ നിര്‍മാണവും കൊണ്ട്‌ കായിക ലോകത്തിന്റെ തന്നെ വിശ്വാസ്യതയാണ്‌ കല്‍മാഡിയും സംഘവും ഇപ്പോള്‍ തകര്‍ത്തു കളഞ്ഞത്‌. ഇന്ത്യക്ക്‌ ഒളിംപിക്‌സിനും ലോകകപ്പിനും വേദിയൊരുക്കാന്‍ അവസരം നല്‌കണമെന്ന്‌ മുറവിളി കൂട്ടി പാഞ്ഞു നടക്കുന്നവര്‍ ഇനിയൊന്ന്‌ ഇരുന്ന്‌ ചിന്തിക്കണം. മുപ്പതിനായിരത്തിലേറെ കോടികള്‍ ചിലവഴിച്ച്‌ ഒരുക്കുന്ന മേളയില്‍ ഓരോ നിര്‍മാണത്തിനും ഒരുക്കത്തിനും ചിലവഴിക്കുന്ന തുകയുടെ കണക്ക്‌ കോടിയില്‍. തകര്‍ന്നു വീണ പാലത്തിന്‌ ചിലവഴിച്ചത്‌ പത്തരകോടി. എ ആര്‍ റഹ്‌മാന്റെ ഒന്നുമല്ലാതായി മാറിയ ഔദ്യോഗിക ഗാനത്തിന്‌ നല്‌കിയത്‌ അഞ്ചരക്കോടി, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു മുകളില്‍ പറത്താനായി ഒരുക്കുന്ന ബലൂണിന്റെ ചിലവും കോടിയില്‍ തന്നെ. ഇക്കാര്യങ്ങളെല്ലാം കണ്ടു ക്ഷമിക്കാനാവാതെ മന്ത്രി മണിശങ്കര്‍ അയ്യര്‍ പൊട്ടിത്തെറിച്ചപ്പോള്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താനായിരുന്നു ശ്രമം. ഇപ്പോള്‍ അയ്യരെ കണ്ടവരാരുമില്ല. കായികരംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ടാണ്‌ ഇന്ത്യയില്‍ മേളകള്‍ക്ക്‌ വേദി ആവശ്യപ്പെടുന്നതെങ്കില്‍ ശുദ്ധമണ്ടത്തരമാണെന്ന്‌ മനസ്സിലാക്കാന്‍ ഇതിലും കോമണ്‍ ഉദാഹരണം വേണ്ടതില്ലാലോ.
ഹോക്കി താരങ്ങളും ടെന്നീസ്‌ താരങ്ങളും അത്‌ലറ്റുകളും കളിച്ചതിന്റെ കൂലി ചോദിച്ച്‌ സമരവും നിരാഹാരവും നടത്തിയത്‌ ഇന്ത്യന്‍ കായിക രംഗത്തു തന്നെയാണ്‌. അന്ന്‌ കല്‍മാഡിയുടെയും എം എസ്‌ ഗില്ലിന്റെയും കണ്ണുരുട്ടലുകളായിരുന്നു മറുപടി. കോടികള്‍ വാരിയെറിയാന്‍ ഒരു വൈമനസ്യവും കാണിക്കാത്ത മന്‍മോഹന്‍സിംഗിന്റെ സര്‍ക്കാര്‍ ഇന്ത്യയിലെ അത്‌ലറ്റുകള്‍ക്ക്‌ അടിസ്ഥാന പരിശീന സൗകര്യങ്ങളോ വിദേശത്തുപോയി പരിശീലിക്കാന്‍ പണമോ നല്‌കാന്‍ തയ്യാറല്ല. ഇന്ത്യ അഭിമാനമായി കാണിക്കുന്ന ഷൂട്ടിംഗ്‌ ഒളിംപിക്‌ ജേതാവ്‌ അഭിനവ്‌ ബിന്ദ്ര എങ്ങിനെ ഒളിംപിക്‌ ചാംപ്യനായി എന്ന്‌ പരിശോധിച്ചാല്‍ മാത്രം മതിയാവും. ഒരു സര്‍ക്കാറിനോ അസോസിയേഷനോ അവകാശപ്പെടാനാവത്തതാണ്‌ ബിന്ദ്രയുടെ നേട്ടം. അതിന്റെ എല്ലാ അവകാശവും പണം മുടക്കി പരിശീലനം നല്‌കിയ ആ കുടുംബത്തിനു മാത്രമാണ്‌.

ഇനിയെങ്കിലും പുറത്തെറിയണം...
ചീഞ്ഞതെല്ലാം പുറത്തെന്നത്‌ പൊതു സിദ്ധാന്തമാണ്‌. രാഷ്‌ട്രീയക്കാര്‍ നടത്തുന്ന കൂട്ടുകച്ചവടമായി തരം താണ ഇന്ത്യന്‍ കായിക മേഖലയെ രക്ഷപ്പെടുത്താന്‍ ഈ ചീഞ്ഞളിഞ്ഞ ഉത്‌പന്നങ്ങളെ വലിച്ചെറിയുകമാത്രമേ പോംവഴിയായുള്ളൂ. ഇന്ത്യയിലെ ക്രിക്കറ്റ്‌ എന്‍ സി പി തലവനും കേന്ദ്രമന്ത്രിയുമായ ശരദ്‌ പവാറിന്റെ പോക്കറ്റില്‍ ഫുട്‌ബോള്‍ പവാറിന്റെ തന്നെ പാര്‍ട്ടിക്കാരനും ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍മാരില്‍ ഒരാളുമായ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ പക്കല്‍. ക്രിക്കറ്റിലും പട്ടേലുണ്ട്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ്‌ എം പി രാജീവ്‌ ശുക്ല, മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍, അരുണ്‍ ജെയ്‌റ്റ്‌ലി തുടങ്ങിയവരെല്ലാം ക്രിക്കറ്റ്‌ ഭാരവാഹികളാണ്‌. ടെന്നീസില്‍ ബി ജെ പി നേതാവ്‌ യശ്വന്ത്‌ സിന്‍ഹ, അത്‌ലറ്റിക്‌സിന്റെ അപ്പോസ്‌തരലനായി വാഴുന്ന സുരേഷ്‌ കല്‍മാഡി കോണ്‍ഗ്രസും വി കെ മല്‍ഹോത്ര ബിജെ പിയും. ഇവരുടെ നിര നീളുന്നതാണ്‌. ഹോക്കി, ബാഡ്‌മിന്റണ്‍, ടെന്നീസ്‌, ഫുട്‌ബാള്‍, ബാസ്‌കറ്റ്‌ബാള്‍, ബോക്‌സിംഗ്‌, തുടങ്ങിയ എല്ലാ ഫെഡറേഷനെയും നിയന്ത്രിക്കുന്നത്‌ രാഷ്‌ട്രീയ നേതാക്കളാണ്‌. കളിയും കളിക്കാരെയും അറിയുന്ന മുന്‍താരങ്ങളെ ഇവര്‍ അടുപ്പിക്കില്ല. അടുപ്പിച്ചാല്‍ കിട്ടാവുന്ന 'പണി'യെക്കുറിച്ച്‌ അവര്‍ക്ക്‌ നല്ല ബോധ്യമുണ്ട്‌. അതിനാല്‍ തന്നെ കളിക്കാര്‍ സമയം കഴിഞ്ഞാല്‍ വിരമിച്ച്‌ കമന്ററി ബോക്‌സിലോ കോച്ചായോ പോവണം അല്ലെങ്കില്‍ വീട്ടിലിരിക്കണം. ഇതിനെ മറികടക്കാന്‍ പ്രായവും ചട്ടവുമായി മന്ത്രി എം എസ്‌ ഗില്‍ ഒരു പെരുമാറ്റചട്ടംകൊണ്ടുവന്നപ്പോള്‍ രാജ്യാന്തര അസോസിയേഷനെ കൂട്ടുപിടിച്ചായിരുന്നു കിളവന്‍മാര്‍ ചെറുത്തു തോല്‍പിച്ചത്‌.
ഇന്ത്യ കായിക രംഗത്തിന്റെ അറുംകൊല കൂടിയാണ്‌ മോഡിയും കൂട്ടരും ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. കാത്തിരിക്കാതെ വേണ്ടവര്‍ ഇടപെട്ടില്ലെങ്കില്‍ കൂറ്റന്‍ കപ്പല്‍ നോക്കിനില്‍ക്കെ കൂറ്റന്‍ ടൈറ്റാനിക്‌ മുങ്ങികൊണ്ടേയിരിക്കും.